2009 ഏപ്രിൽ 19, ഞായറാഴ്‌ച

സന്ദര്‍ശക

നന്ദാ തിളയ്ക്കും നിലാവിന്‍റെ രാത്രികള്‍
നിദ്രകള്‍ നീയെന്‍റെ നിത്യ സന്ദര്‍ശക
എന്തെ ചിരിക്കാന്‍ മറന്നുവോ നീയിന്ന്
കാലസാക്ഷിക്കണ്ണ് മെല്ലെതുറക്കവേ.

സൌഹാര്‍ദ്ദ സായന്തനങ്ങള്‍ നമുക്കില്ല
സ്നേഹം തുളുമ്പുന്ന മുനയുള്ള മൊഴിയില്ല
തരളമായ് മാനസ്സമറിയാതെ നിന്നിലെന്‍
ഹൃദയം തിരഞ്ഞോരു മൌന സംഗീതകം
നോവിച്ചു നിന്നെയെന്നാകിലുംചൊല്ലി നീ
'കേട്ടുകൊള്‍കെന്‍ ജീവ ഗാഥ കുറിക്ക നീ'!

കൌമാര സ്വപ്നം തുളച്ചുവന്നെന്നുടെ
മോഹസമ്മേളന വേദിയിലെത്തി നീ
മൌനഗ്നി നിന്നില്‍ പടര്‍ന്നു കത്തുമ്പൊഴും
ഉറയുന്നു നീയിന്നുമെന്‍റെ നട്ടുച്ചയില്‍ .

കയല്‍ത്തുരുത്തിലെ സ്വപ്ന സൌഥത്തിലെ
സത്കാരമേറ്റുമടങ്ങി ഞാനെങ്കിലും
കണ്ടു പലപ്പൊഴും കാണാത്ത പോലെനാം
ഉള്ളില്‍ നടിച്ചു നടന്നതന്നെന്തിനു ?

തേടി ഞാനുള്ളിന്‍റെയുള്ളില്‍വിറങ്ങലി-
ച്ചുറയുന്ന നോവിന്‍റെ പൊള്ളുന്ന ഭീതിയില്‍
ഉത്തരം കിട്ടാസമസ്യകളെയ്തു ഞാന്‍
അന്ധമായത്രമേല്‍ സ്നേഹിച്ചു പോയതാല്‍.

പ്രാര്‍ഥന പൂമാരി പെയ്തന്നനല്പമാം
അശ്വാസമേകി നീ വന്നോഴിഞ്ഞീടവേ
പൂരവ്വാശ്രമത്തിന്‍ പുറംപടിക്കുള്ളിലെ
മിന്നി മറഞ്ഞൊരു ചിത്രങ്ങള്‍ ഓര്‍ത്തുവോ?

എന്നും തിരഞ്ഞു നിശ്ശബ്ദം നിഴലിലും
ഓര്മ്മക്കുറിപ്പിന്‍റെ പുസ്തകം തന്നു ഞാന്‍
ഒന്നും തിരികെ കുറിച്ചില്ല തന്നില്ല
സായന്തനത്തിന്‍ കവിത കുറിക്കവേ
കണ്ടു നിന്‍ അമ്മയ്ക്കരികില്‍ ചിരിക്കാതെ
നിന്നു നീ ഒന്നും മൊഴിയാതെ മൌനമായ് .

നിന്നെയറിഞ്ഞു കഥകള്‍ കുറിക്കുവാന്‍
വന്നൊരെന്നുള്ളില്‍ കറുക്കുന്നു കാഴ്ചകള്‍
വയ്യാ വരണ്ടൊരീ മണ്ണില്‍ വിശുദ്ധമാം
മന്ത്രാക്ഷരങ്ങള്‍ ജപിച്ചിന്നു നില്‍ക്കുവാന്‍ !

നന്ദാ ,പൊറുക്കൂ ക്ഷമിക്കുകയിന്നു നീ
മെല്ലെ മുഖമൊന്നുയര്‍ത്തി നോക്കീടുക
ദൂരേക്ക്‌ നോക്കിയിരിക്കുമ്പൊഴും സ്മൃതി
കാറ്റില്‍ കവിത തുളുമ്പി നില്ക്കുന്നു നീ !

4 അഭിപ്രായങ്ങൾ: