2009 ഏപ്രിൽ 21, ചൊവ്വാഴ്ച

രാധ ഇവിടെ

നനവാര്‍ന്ന മിഴിയുമായ് എത്തുന്നവള്‍
നയന നടനത്തിലെന്നെ ഉണര്‍ത്തുന്നവള്‍
പൂവ് വിരിയുന്ന പോലെ ചിരിക്കുന്നവള്‍
മുന്നിലെരിയുന്നതിവളെന്‍റെ രാധ .

ഗോപാലതോഴിയായ് ദ്വാപര യുഗത്തിന്‍റെ
സിരകളില്‍ തേങ്ങലായ് തീര്‍ന്നോള്‍
ഇന്നിന്‍റെ വഴികളില്‍ മാനത്തിനായ്നിന്നു
കെഞ്ചി തകരുവോള്‍ രാധ !

കണിക്കയാകാന്‍ കൊതിച്ചവള്‍ പൂര്‍ണ്ണമായ്
കാണിക്കയായവള്‍ രാധ!
കാണാതെ പോയവള്‍ കാടിന്‍റെയുള്ളിലായ്
കാണാതിരുന്നവള്‍ രാധ!

രാധയെ തേടുന്നതാര് നിലാവിന്‍റെ
തീരത്തിനപ്പുറം നിന്ന്?
രാധയായ് മാറുവാനാര് ഇരുണ്ടോരു
പ്രേമത്തിനുള്ളിലായിന്ന്!

തോഴരില്ലാതിന്നു നില്‍ക്കുന്നിവള്‍
ദു:ഖ ശപ്തജന്മത്തിലെ രാധ
കേഴ്വിയില്ലാത്ത ശിലകള്‍ക്കുമുന്നിലായ്
കേഴുകയാണവള്‍ രാധ.

ഇന്നും ഉപേക്ഷിച്ചു പോകും പുരുഷനെ
കാത്തേയിരിക്കുന്നു രാധ.
എന്നും ജ്വലിക്കുകയാണ് മനസ്സിന്‍റെ
കാണാക്കിണറിനാഴത്തില്‍!

കാറണിഞ്ഞോരാ മിഴികള്‍ തിരഞ്ഞതും
രാധയെത്തന്നെയാണെന്നോ ?
അമ്മതന്‍ താരാട്ടു പോലെ
പ്രണയത്തിനുണ്മയില്‍ വാഴുന്നു രാധ!

രാധേ മിഴിമീരിനുപ്പറിഞ്ഞീടുന്ന
കവിതയുണ്ടല്ലോ നിനക്കായ്‌
രാധേ മിടിക്കുന്ന
നീ മാത്രമല്ലോ വെളിച്ചം !

മൌനത്തിനൊടുവിലായ് ഉഷസ്സുപോലെത്തുന്ന
ശ്യാമാന്തരത്തിലെ രാധ
നോവേറെയുള്ളോരു സായന്തനത്തിന്‍റെ
വിങ്ങലായ് മാറുന്നു രാധ !

രാധയെക്കണ്ടതില്ലെന്നോ കിനാവിലും
രാധയിന്നെവിടെയാണെന്നോ?
രാധയിന്നിവിടെന്‍റെ നെഞ്ചിനുള്ളില്‍
നിത്യ പ്രണയത്തിനഗ്നിയാകുന്നു!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ