2009 ഏപ്രിൽ 21, ചൊവ്വാഴ്ച

മഴയെക്കുറിച്ച് പറയരുത്

മഴ നനഞ്ഞ സന്ധ്യയില്‍
മഴയെക്കുറിച്ച് പറഞ്ഞവള്‍ക്ക്
നിന്‍റെ പഴയ കൂട്ടുകാരന്‍
കവിത കോറിയ
കടലാസ് തുണ്ടുകളുമായ്
കൂട്ടം തെറ്റി മേയുന്നു
പേപിടിച്ച രാക്കിളികളെക്കാത്ത്
പതിയിരിക്കുന്നു.

വരണ്ട ഹൃദയത്തിന്‍റെ
താക്കോല്‍പ്പഴുതിലൂടെ
പുറത്തേക്ക് നോക്കി
മഴ നിറഞ്ഞ പുഴകള്‍ !

ചൂണ്ടുവിരലുകളുടെ
ചക്രവ്യൂഹത്തിന്
നടുവില്‍ നില്‍ക്കുമ്പോള്‍
മഴയ്ക്ക്‌
മറന്നുപോയ
തോറ്റോടിയവന്‍റെ മുഖം!

മിഴിയടയ്ക്കിലും
മടങ്ങാത്ത കാഴ്ചകളില്‍
നീ തീര്‍ത്ത
ഓര്‍ഗന്‍റിപ്പുവൂകളുടെ
വസന്തം .

മറയുന്ന ദിക്കുകളില്‍
മഴകാത്തു നിന്നവന്
മറവിയുടെ ശീല്‍ക്കാരം.

വെറുതെ പറഞ്ഞ വാക്കുകള്‍
തിരിച്ചെടുക്കുന്നില്ല
ഇനി
മഴയെക്കുറിച്ച് പറയരുത്
മഴ പ്രണയമെങ്കില്‍
പ്രണയത്തെക്കുറിച്ചും!

രാധ ഇവിടെ

നനവാര്‍ന്ന മിഴിയുമായ് എത്തുന്നവള്‍
നയന നടനത്തിലെന്നെ ഉണര്‍ത്തുന്നവള്‍
പൂവ് വിരിയുന്ന പോലെ ചിരിക്കുന്നവള്‍
മുന്നിലെരിയുന്നതിവളെന്‍റെ രാധ .

ഗോപാലതോഴിയായ് ദ്വാപര യുഗത്തിന്‍റെ
സിരകളില്‍ തേങ്ങലായ് തീര്‍ന്നോള്‍
ഇന്നിന്‍റെ വഴികളില്‍ മാനത്തിനായ്നിന്നു
കെഞ്ചി തകരുവോള്‍ രാധ !

കണിക്കയാകാന്‍ കൊതിച്ചവള്‍ പൂര്‍ണ്ണമായ്
കാണിക്കയായവള്‍ രാധ!
കാണാതെ പോയവള്‍ കാടിന്‍റെയുള്ളിലായ്
കാണാതിരുന്നവള്‍ രാധ!

രാധയെ തേടുന്നതാര് നിലാവിന്‍റെ
തീരത്തിനപ്പുറം നിന്ന്?
രാധയായ് മാറുവാനാര് ഇരുണ്ടോരു
പ്രേമത്തിനുള്ളിലായിന്ന്!

തോഴരില്ലാതിന്നു നില്‍ക്കുന്നിവള്‍
ദു:ഖ ശപ്തജന്മത്തിലെ രാധ
കേഴ്വിയില്ലാത്ത ശിലകള്‍ക്കുമുന്നിലായ്
കേഴുകയാണവള്‍ രാധ.

ഇന്നും ഉപേക്ഷിച്ചു പോകും പുരുഷനെ
കാത്തേയിരിക്കുന്നു രാധ.
എന്നും ജ്വലിക്കുകയാണ് മനസ്സിന്‍റെ
കാണാക്കിണറിനാഴത്തില്‍!

കാറണിഞ്ഞോരാ മിഴികള്‍ തിരഞ്ഞതും
രാധയെത്തന്നെയാണെന്നോ ?
അമ്മതന്‍ താരാട്ടു പോലെ
പ്രണയത്തിനുണ്മയില്‍ വാഴുന്നു രാധ!

രാധേ മിഴിമീരിനുപ്പറിഞ്ഞീടുന്ന
കവിതയുണ്ടല്ലോ നിനക്കായ്‌
രാധേ മിടിക്കുന്ന
നീ മാത്രമല്ലോ വെളിച്ചം !

മൌനത്തിനൊടുവിലായ് ഉഷസ്സുപോലെത്തുന്ന
ശ്യാമാന്തരത്തിലെ രാധ
നോവേറെയുള്ളോരു സായന്തനത്തിന്‍റെ
വിങ്ങലായ് മാറുന്നു രാധ !

രാധയെക്കണ്ടതില്ലെന്നോ കിനാവിലും
രാധയിന്നെവിടെയാണെന്നോ?
രാധയിന്നിവിടെന്‍റെ നെഞ്ചിനുള്ളില്‍
നിത്യ പ്രണയത്തിനഗ്നിയാകുന്നു!

2009 ഏപ്രിൽ 20, തിങ്കളാഴ്‌ച

നീ കരയരുത് .......

നീ കരയരുത്
എന്ന് പറയുമ്പോള്‍
ചിരിക്കരുത് എന്നല്ല !

നിന്‍റെ ചിരിയുടെ
ചിലങ്കകള്‍
എന്‍റെയുള്ളില്‍
നൃത്തം ചെയ്യട്ടെ !

അറിവ്

കണ്ണീരില്‍
ഉപ്പുണ്ട്‌ !

ഉപ്പുണ്ട്‌
കടല്‍ ജലം
നിറയെയും!

കൂടെ

ചിരിയുടെ തൂവലുകള്‍
നിനക്കു നല്കുന്നു
മറവി കൊണ്ടതില്‍
എഴുതരുത് !

നിന്‍റെ സങ്കടങ്ങള്‍
തൊട്ടെടുക്കുവാന്‍
എന്‍റെ വിരലുകള്‍
അതില്‍ ഞാന്‍
ഒളിപ്പിച്ചിട്ടുണ്ട് !

നിന്‍റെ കണ്ണുകള്‍
നിറയരുത്
എന്‍റെ ചുണ്ടുകള്‍
നിന്‍റെ മിഴി നീര്‍
ഒപ്പി മാറ്റും!

വലതു കൈ
നെഞ്ചോട്‌ ചേര്‍ത്ത്
മിഴിയടയ്ക്ക
നിന്‍ ഹൃദ്‌ സ്പന്ദനത്തില്‍
എന്‍ തുടിപ്പുകള്‍
നിറയുന്നുണ്ട്!

അകം

നീ ഉറക്കെ പറഞ്ഞു
ഞാന്‍ ഉറക്കെ കേട്ടു!

നീ ഉറക്കെ കരഞ്ഞു
ഞാന്‍ ഉറക്കെ ചിരിച്ചു !

നീ മനസ്സില്‍ പറഞ്ഞു
ഞാന്‍ അകമേ കരഞ്ഞു !

ജനുവരി

ജനുവരി
നീയെനിക്ക്
എത്ര പ്രിയപ്പെട്ടവള്‍
കവിതയുടെ
നിലാക്കാലം തന്നവള്‍ !

ഓരോ രാവിലും
പുതിയസ്വപ്നങ്ങള്‍
‍ഭ്രാന്തുകള്‍
പകര്‍ന്നവള്‍ !

വെയില്‍
തിളയ്ക്കുമ്പോള്‍
തണല്‍ മരമായ്‌!

മഴ
തിമിര്‍ക്കുമ്പോള്‍
ചെറുവള്ളിക്കുടിലായ്!

ഓ പ്രിയങ്കരി
ജനുവരി
എത്ര
നിന്നെ ഞാന്‍
പ്രണയിക്കുന്നു!

ഇലകളടര്‍ന്നു വീണ
മുറ്റം നിറയെയും
നീ പൊഴിച്ച
മഞ്ഞു കണങ്ങളാണ്‌ !

നീ പകര്‍ന്ന
തണുത്ത രാവുകളാണ്
എന്നെ ഇപ്പൊഴും
തളിരണിയിക്കുന്നത്!

ഓ ജനുവരി
നീ പകര്‍ന്ന
സാന്ത്വന സന്ധ്യകള്‍
എന്നെ ഉണര്‍ത്തുന്നു!

നീ തുറന്നിട്ട
വൈദ്യുത ജാലകത്തിലൂടെ
ഇന്നു ഞാന്‍ കാണുന്നു
എന്നെ
നിന്‍റെ മനസ്സിന്‍റെ
ഒടുങ്ങാത്ത അര്‍ദ്രതയെ !

ജനുവരി
നീ എനിക്കെന്താണ്
നല്‍കിയത്
തിരിച്ചു
തരാന്‍കഴിയത്ത
എന്തൊക്കെയോ !

മറന്നു വയ്ക്കുവാന്‍
കഴിയാത്ത
സ്വപ്നങ്ങളെ!

വഴിയില്‍
ഉപേക്ഷിക്കുവാന്‍
ആവാത്ത
ദു:ഖങ്ങളെ!

ഒരിക്കലും
അടങ്ങാത്ത
പ്രണയത്തെ !

ഓ ജനുവരി
നീ എനിക്കേറെ
പ്രിയങ്കരി
കവിത പോലെ
മനോഹരി!

2009 ഏപ്രിൽ 19, ഞായറാഴ്‌ച

സന്ദര്‍ശക

നന്ദാ തിളയ്ക്കും നിലാവിന്‍റെ രാത്രികള്‍
നിദ്രകള്‍ നീയെന്‍റെ നിത്യ സന്ദര്‍ശക
എന്തെ ചിരിക്കാന്‍ മറന്നുവോ നീയിന്ന്
കാലസാക്ഷിക്കണ്ണ് മെല്ലെതുറക്കവേ.

സൌഹാര്‍ദ്ദ സായന്തനങ്ങള്‍ നമുക്കില്ല
സ്നേഹം തുളുമ്പുന്ന മുനയുള്ള മൊഴിയില്ല
തരളമായ് മാനസ്സമറിയാതെ നിന്നിലെന്‍
ഹൃദയം തിരഞ്ഞോരു മൌന സംഗീതകം
നോവിച്ചു നിന്നെയെന്നാകിലുംചൊല്ലി നീ
'കേട്ടുകൊള്‍കെന്‍ ജീവ ഗാഥ കുറിക്ക നീ'!

കൌമാര സ്വപ്നം തുളച്ചുവന്നെന്നുടെ
മോഹസമ്മേളന വേദിയിലെത്തി നീ
മൌനഗ്നി നിന്നില്‍ പടര്‍ന്നു കത്തുമ്പൊഴും
ഉറയുന്നു നീയിന്നുമെന്‍റെ നട്ടുച്ചയില്‍ .

കയല്‍ത്തുരുത്തിലെ സ്വപ്ന സൌഥത്തിലെ
സത്കാരമേറ്റുമടങ്ങി ഞാനെങ്കിലും
കണ്ടു പലപ്പൊഴും കാണാത്ത പോലെനാം
ഉള്ളില്‍ നടിച്ചു നടന്നതന്നെന്തിനു ?

തേടി ഞാനുള്ളിന്‍റെയുള്ളില്‍വിറങ്ങലി-
ച്ചുറയുന്ന നോവിന്‍റെ പൊള്ളുന്ന ഭീതിയില്‍
ഉത്തരം കിട്ടാസമസ്യകളെയ്തു ഞാന്‍
അന്ധമായത്രമേല്‍ സ്നേഹിച്ചു പോയതാല്‍.

പ്രാര്‍ഥന പൂമാരി പെയ്തന്നനല്പമാം
അശ്വാസമേകി നീ വന്നോഴിഞ്ഞീടവേ
പൂരവ്വാശ്രമത്തിന്‍ പുറംപടിക്കുള്ളിലെ
മിന്നി മറഞ്ഞൊരു ചിത്രങ്ങള്‍ ഓര്‍ത്തുവോ?

എന്നും തിരഞ്ഞു നിശ്ശബ്ദം നിഴലിലും
ഓര്മ്മക്കുറിപ്പിന്‍റെ പുസ്തകം തന്നു ഞാന്‍
ഒന്നും തിരികെ കുറിച്ചില്ല തന്നില്ല
സായന്തനത്തിന്‍ കവിത കുറിക്കവേ
കണ്ടു നിന്‍ അമ്മയ്ക്കരികില്‍ ചിരിക്കാതെ
നിന്നു നീ ഒന്നും മൊഴിയാതെ മൌനമായ് .

നിന്നെയറിഞ്ഞു കഥകള്‍ കുറിക്കുവാന്‍
വന്നൊരെന്നുള്ളില്‍ കറുക്കുന്നു കാഴ്ചകള്‍
വയ്യാ വരണ്ടൊരീ മണ്ണില്‍ വിശുദ്ധമാം
മന്ത്രാക്ഷരങ്ങള്‍ ജപിച്ചിന്നു നില്‍ക്കുവാന്‍ !

നന്ദാ ,പൊറുക്കൂ ക്ഷമിക്കുകയിന്നു നീ
മെല്ലെ മുഖമൊന്നുയര്‍ത്തി നോക്കീടുക
ദൂരേക്ക്‌ നോക്കിയിരിക്കുമ്പൊഴും സ്മൃതി
കാറ്റില്‍ കവിത തുളുമ്പി നില്ക്കുന്നു നീ !

നിലാക്കാലം


അറിയാതെ ഇന്നെന്‍റെ
ഹൃദയത്തിലൊരു തുള്ളി
ദു:ഖം പുരട്ടുന്നതാര് ?

അറിയതെ ഇന്നെന്‍റെ
കവിതയില്‍ തീവ്രമാം
പ്രണയം ജ്വലിപ്പിച്ചതാര്?

ഒരു വാക്കു മിണ്ടാതെ
പോകുന്നവള്‍ക്കൊപ്പം
ഒരുകുഞ്ഞു ചിരിയുണ്ട് കൂട്ടായ്.

ഉടലിലല്ലുയിരിന്‍റെ
ഇടമെന്നൊരറിവിലീ
നിഴലും ചിരിക്കുന്നതെന്തേ !

എവിടെനിന്നെത്തിയ -
തീമണ്‍ പ്രതീക്ഷകള്‍
ഉടയാത്ത സ്വപ്‌നങ്ങള്‍ പോലെ .

ഒരു നിലാക്കാഴ്ച്ചപോല്‍
പൊള്ളിച്ചിടുന്നതായ്
മറ്റൊന്നുമില്ലയീ രാവില്‍!

പാതിയായ് ചൊല്ലി
മുറിഞ്ഞ വരികളില്‍
പ്രാണന്‍ പിടയുന്നതെന്തേ?

അകലെ നിന്നെത്തുന്ന
കാറ്റിന്‍ മണത്തിലി-
ന്നേതോര്‍മ്മ തെളിയുന്നതേറെ?

പുതുനിലവായി നീ
അലയുന്നു തിരയുന്നു
നിഴലായി കനവായി മനമേ!

ഒരു കുഞ്ഞു കിളിയതിന്‍
ചിറകിന്‍റെചൂടിലായ്
അഭയം തിരയുന്നതെന്തേ ?

പറയാതെ പൊള്ളുന്ന
വാക്കില്‍ നിന്‍ ജീവിതം
പൊലിയുന്ന പുഞ്ചിരി പോലെ .

വെറുതെയിന്നെന്നെയും
പോള്ളിച്ചുവെങ്കിലും
ഒരു മഴക്കാലം തരുന്നു.

കിളി പാറി അകലങ്ങള്‍
മറയുന്നു, ഒഴുകുന്ന
പുഴ പോലെയെന്നെ തൊടുന്നു!

നിദ്രയില്‍ നിന്നെന്‍റെ
പുലരിയായ് നിറയുന്ന
ഹൃദയത്തുടിപ്പില്‍ നിന്‍ ഗന്ധം .

എവിടെയോ തെളിയുന്ന
പൂക്കാലമതിനുള്ളില്‍
വാടാത്ത പൂമരമുണ്ട്!

പൂ നുള്ളി മറയുവാനാവില്ല
മരമതിന്‍ ചെറു ചില്ല
കരയുകയില്ലേ?

അരുതരുതു കണ്ണീരില്‍
നിന്നുമിന്നകലങ്ങള്‍
കണ്ടെടുത്തീടുംമനസ്സ്.

മുടിനിരയിലൊരു വെള്ളി
മുടിപോലെ പ്രാണനില്‍
മായാതെ തെളിയുന്ന പ്രണയം!

ഒഴുകുന്ന രവിതിന്‍
അതിരുകള്‍ക്കപ്പുറം
പൊലിയാതെ തെളിയും വെളിച്ചം.

ഇനിയേതു കാടിന്‍റെ
കരളിലൂടലയുന്ന
അരുവിയായ് നമ്മള്‍ ജനിക്കും?

ഇനിയേതു ചെരുകിളി-
പ്പാട്ടിന്‍ ചിലങ്കകള്‍
ഈ നിലാക്കാലം പൊലിക്കും?

ഉറയുന്ന ചെണ്ടയില്‍
പെരുകുന്ന ലഹരിയില്‍
നീ കരഞ്ഞീടുന്ന നിമിഷം .

അറിയാതെയിന്നെന്‍റെ
ഇടര്‍ നിലാവായി നീ
പടരുന്നു കവിതയായ് ഞാനായ്!

2009 ഏപ്രിൽ 4, ശനിയാഴ്‌ച

ഒരുവരിയില്‍ ചിലത്

ഒരുവരിയില്‍ ചിലത്
പലപ്പോഴും
ഓര്‍ത്തുവയ്ക്കാറുണ്ട്
പ്രണയം എന്നോ
മരണമെന്നോ
വിളിക്കാതെ .
ഏത് രത്രിയിലാകം
ഓര്‍മ്മകളൊക്കെയും
കണ്ടുമുട്ടിയത്‌
പരിചയമില്ലെന്ന് പറഞ്ഞ്
നടന്നകന്നത്‌ .
ആ ആര്‍ക്കറിയാം.


എം.സങ്