2009 മേയ് 20, ബുധനാഴ്‌ച

കരുതല്‍

നീ കരുതും
ഞാന്‍
ഉറങ്ങുകയാണെന്ന് !
ഞാന്‍
കരുതും
നീ
ഉറങ്ങുകയാണെന്ന് !
നീ
കരുതും
ഞാന്‍
ചിരിക്കുകയാണെന്ന്!
ഞാന്‍
കരുതും
നീ
ചിരിക്കുകയാണെന്ന്!
നീ
കരുതും
ഞാന്‍
കരയുകയാണെന്ന്!
ഞാന്‍
കരുതും
നീ
കരയുകയാണെന്ന്!
............ അപ്പോള്‍
നീ
കരയുക
തന്നെയാവും!
ഞാന്‍........!

2009 മേയ് 9, ശനിയാഴ്‌ച

സമ്മാനം

എത്ര യാചിച്ചിട്ടും
നല്‍കാതിരുന്ന
ചുമ്പനം മാത്രമാണ്
ശേഷിക്കുന്നത് !

ഇന്നത്‌ നിന്റെ
കുഞ്ഞിന് നല്കുന്നു !

ജലം

ഒരു തുള്ളിയില്‍
ഒരു കടലുണ്ട്
നിന്റെ
ഹൃദയം പോലെ
എന്റെ പ്രണയം
പോലെ!

പ്രാണനില്‍
ചേര്‍ത്തു വയ്ക്കും
വാക്കിന്‍
അഭയം പോലെ!

ജലം
ആദിയായ്
അനാദിയായ്
നമ്മില്‍
നനയുന്നുണ്ട്
നാമായ്
നിറയുന്നുണ്ട്!

ജലം
സമുദ്രമായ്
തെളിഞ്ഞ
കായലായ്
വെന്ത രാവെ
നനച്ച
വര്‍ഷമായ്‌
അദൃശ്യ
സ്പര്‍ശമായ്‌
അലിഞ്ഞു
ചേരുന്നു!

2009 മേയ് 7, വ്യാഴാഴ്‌ച

തിള

തിളയ്ക്കുന്നു
വാക്കുകള്‍
ഒരു വരിയില്‍
നിന്ന്
ഒരു സമുദ്രത്തിലേക്ക്
ഒരു ഹൃദയത്തിലേക്ക്
ഓര്‍മ്മകളിലേക്ക്
നിന്നിലേക്ക്‌
എന്നിലേക്ക്‌
നമ്മിലേക്ക്‌
കുഞ്ഞുങ്ങളിലേക്ക്‌.

അവരുറങ്ങുന്നു
സ്വപ്നം കാണുന്നു
നമ്മളും.

2009 മേയ് 4, തിങ്കളാഴ്‌ച

എന്താണ്....

നിശബ്ദതയെ

എന്താണ്

വിളിക്കുക

ഓര്‍മ്മ

മറവി

ഇങ്ങനെ

ചിലതാകാം.

നിശബ്ദതയെ

എന്താണ്

വിളിക്കുക ?

ആ .....!

നിന്റെ

കണ്ണുകള്‍

എന്നോ

നിന്റെ

സങ്കടം

എന്നോ?

2009 ഏപ്രിൽ 21, ചൊവ്വാഴ്ച

മഴയെക്കുറിച്ച് പറയരുത്

മഴ നനഞ്ഞ സന്ധ്യയില്‍
മഴയെക്കുറിച്ച് പറഞ്ഞവള്‍ക്ക്
നിന്‍റെ പഴയ കൂട്ടുകാരന്‍
കവിത കോറിയ
കടലാസ് തുണ്ടുകളുമായ്
കൂട്ടം തെറ്റി മേയുന്നു
പേപിടിച്ച രാക്കിളികളെക്കാത്ത്
പതിയിരിക്കുന്നു.

വരണ്ട ഹൃദയത്തിന്‍റെ
താക്കോല്‍പ്പഴുതിലൂടെ
പുറത്തേക്ക് നോക്കി
മഴ നിറഞ്ഞ പുഴകള്‍ !

ചൂണ്ടുവിരലുകളുടെ
ചക്രവ്യൂഹത്തിന്
നടുവില്‍ നില്‍ക്കുമ്പോള്‍
മഴയ്ക്ക്‌
മറന്നുപോയ
തോറ്റോടിയവന്‍റെ മുഖം!

മിഴിയടയ്ക്കിലും
മടങ്ങാത്ത കാഴ്ചകളില്‍
നീ തീര്‍ത്ത
ഓര്‍ഗന്‍റിപ്പുവൂകളുടെ
വസന്തം .

മറയുന്ന ദിക്കുകളില്‍
മഴകാത്തു നിന്നവന്
മറവിയുടെ ശീല്‍ക്കാരം.

വെറുതെ പറഞ്ഞ വാക്കുകള്‍
തിരിച്ചെടുക്കുന്നില്ല
ഇനി
മഴയെക്കുറിച്ച് പറയരുത്
മഴ പ്രണയമെങ്കില്‍
പ്രണയത്തെക്കുറിച്ചും!

രാധ ഇവിടെ

നനവാര്‍ന്ന മിഴിയുമായ് എത്തുന്നവള്‍
നയന നടനത്തിലെന്നെ ഉണര്‍ത്തുന്നവള്‍
പൂവ് വിരിയുന്ന പോലെ ചിരിക്കുന്നവള്‍
മുന്നിലെരിയുന്നതിവളെന്‍റെ രാധ .

ഗോപാലതോഴിയായ് ദ്വാപര യുഗത്തിന്‍റെ
സിരകളില്‍ തേങ്ങലായ് തീര്‍ന്നോള്‍
ഇന്നിന്‍റെ വഴികളില്‍ മാനത്തിനായ്നിന്നു
കെഞ്ചി തകരുവോള്‍ രാധ !

കണിക്കയാകാന്‍ കൊതിച്ചവള്‍ പൂര്‍ണ്ണമായ്
കാണിക്കയായവള്‍ രാധ!
കാണാതെ പോയവള്‍ കാടിന്‍റെയുള്ളിലായ്
കാണാതിരുന്നവള്‍ രാധ!

രാധയെ തേടുന്നതാര് നിലാവിന്‍റെ
തീരത്തിനപ്പുറം നിന്ന്?
രാധയായ് മാറുവാനാര് ഇരുണ്ടോരു
പ്രേമത്തിനുള്ളിലായിന്ന്!

തോഴരില്ലാതിന്നു നില്‍ക്കുന്നിവള്‍
ദു:ഖ ശപ്തജന്മത്തിലെ രാധ
കേഴ്വിയില്ലാത്ത ശിലകള്‍ക്കുമുന്നിലായ്
കേഴുകയാണവള്‍ രാധ.

ഇന്നും ഉപേക്ഷിച്ചു പോകും പുരുഷനെ
കാത്തേയിരിക്കുന്നു രാധ.
എന്നും ജ്വലിക്കുകയാണ് മനസ്സിന്‍റെ
കാണാക്കിണറിനാഴത്തില്‍!

കാറണിഞ്ഞോരാ മിഴികള്‍ തിരഞ്ഞതും
രാധയെത്തന്നെയാണെന്നോ ?
അമ്മതന്‍ താരാട്ടു പോലെ
പ്രണയത്തിനുണ്മയില്‍ വാഴുന്നു രാധ!

രാധേ മിഴിമീരിനുപ്പറിഞ്ഞീടുന്ന
കവിതയുണ്ടല്ലോ നിനക്കായ്‌
രാധേ മിടിക്കുന്ന
നീ മാത്രമല്ലോ വെളിച്ചം !

മൌനത്തിനൊടുവിലായ് ഉഷസ്സുപോലെത്തുന്ന
ശ്യാമാന്തരത്തിലെ രാധ
നോവേറെയുള്ളോരു സായന്തനത്തിന്‍റെ
വിങ്ങലായ് മാറുന്നു രാധ !

രാധയെക്കണ്ടതില്ലെന്നോ കിനാവിലും
രാധയിന്നെവിടെയാണെന്നോ?
രാധയിന്നിവിടെന്‍റെ നെഞ്ചിനുള്ളില്‍
നിത്യ പ്രണയത്തിനഗ്നിയാകുന്നു!