മഴതൊടുമ്പോള്‍
നീ തൊട്ട പോലെയെന്‍
കരളിലാര്‍ദ്രമായ്
കുറുകുന്നു പ്രാവുകള്‍
വരിക നനയാം നടക്കാം
കുടപിടിക്കാതെ ഒരുപാടു ദൂരം
വരികയായ് വര്‍ഷകാലത്തിന്‍
ഓര്‍മ്മകള്‍
കതകു ചാരാന്‍ മറന്നതാം
രാത്രിയില്‍
ഇന്ദ്രിയങ്ങള്‍ നടുങ്ങുന്ന
ഭീതിതന്‍ മുള്ള് കോര്‍ത്തതാം
മുറിവില്‍ മരുന്നുമായ്
നീ മഴയ്ക്കൊപ്പം
എത്തുന്ന സന്ധ്യയും
വേനലില്‍ തൊട്ടുമായും
കിനാക്കളും
വരിക പോകാം
നമുക്കാ കടല്‍ക്കരെ
മഴ പുണര്‍ന്നിടും
തിരകളെ കണ്ടിടാം
മറുപുറത്ത് നീ നില്‍ക്കുന്നിരുട്ടത്ത്
കവിത മഴയായ്
മിഴി നനയ്ക്കുമ്പൊഴും
പുഴയൊലിക്കുന്ന
കടലിന്‍റെ മനസിലേക്ക്
ഒരു കിനാ മഴ പെയ്തായ്
പതിച്ചിടാം
ഒടുവിലീ മഴത്തുള്ളലില്‍
കുഞ്ഞിന്‍റെ
കൈ പിടിച്ചു നാം
കടല് കണ്ടീടവെ
തിരകള്‍ ചോദിച്ചതെന്ത്
മഴത്തണല്‍
മനസ്സു മൂടീടും
ആകാശ മൌനമായ്
വരിക നനയാം നടക്കാം
കുടപിടിക്കാതെ ഒരുപാടു നേരം
വരിക നനയാം നടക്കാം
കുടപിടിക്കാതെ ഒരുപാടു ദൂരം
ചിറകു മഴയില്‍
കുതിര്‍ന്നോരു കിളിയെന്‍റെ
അരികിലേക്ക് വരുന്നുണ്ട്
കേള്‍ക്കുക
നനയുമീ മഴ നമ്മെ മൂടീടിലും
കതകുചാരാന്‍
മറക്കാതിരിക്കുക .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ